Articles From Warmmaj With Love Details

ജാതിയും ആപ്പിളും

calender 25-05-2022

കമ്യൂണിസ്റ്റ് ചൈനയുടെ പുതിയ നേതാവ് സി ജിംപിന്‍ഗിംന്റെ പ്രശ്‌നം നോക്കൂ. ദശ കോടിക്കണക്കിന് ചൈനീസ് ജനതയെ ദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിച്ച് ചൈനയെ ലോകത്തിലെ ഒന്നാമത്തെ സാമ്പത്തികശക്തിയാക്കാനുള്ള എല്ലാ അടിസ്ഥാനശിലകളും ഉറപ്പിച്ച സന്തോഷത്തോടെയാണ് തന്റെ മുന്‍ഗാമി ലീഡര്‍ ഹു ജിയാന്തോ ഭരണം കൈമാറിയത്. ചൈന നമ്മളെപ്പോലയല്ല. ഇവിടെ സര്‍ക്കാര്‍ ജോലിയിലേ റിട്ടയര്‍മെന്റ് ഉള്ളൂ. അതിലും വിദ്വാന്മാരായ ഉന്നത ഉദ്യോഗസ്ഥര്‍ പല പേരും പറഞ്ഞ് ഉപദേശകരും മദ്ധ്യസ്ഥരും മറ്റുമായി വാര്‍ദ്ധക്യം റിട്ടയര്‍മെന്റിനു മുമ്പുള്ളതിനെക്കാള്‍ രസകരമായി നമ്മുടെ ചിലവില്‍ ആസ്വദിക്കും. ചൈനയില്‍ പക്ഷെ അങ്ങിനെയല്ല. അവിടെ ജനാധിപത്യമില്ല. പ്രസ് കൗണ്‍സില്‍ ചെയര്‍മാന്‍ മാര്‍ക്കണ്‌ഡേയ കാട്ജു ഇന്ത്യന്‍ ജനാധിപത്യം പ്രായോഗികമായി രൂപപ്പെട്ടപ്പോള്‍ കൈവരിച്ച ശൈലിയെക്കുറിച്ച് പറഞ്ഞത് ശ്രദ്ധേയമാണ്. അദ്ദേഹം പറഞ്ഞു.

 

90 ശതമാനം ഇന്ത്യന്‍ പൗരന്മാരും വോട്ടു ചെയ്യുന്നത് സ്ഥാനാര്‍ത്ഥിയുടെ ജാതി നോക്കിയാണ്. തന്നെ ഭരിക്കേണ്ടയാളുടെ സത്യസന്ധത ഒരു പ്രശ്‌നമേ ആകുന്നില്ല. ഇത് പത്രം വായിക്കാത്ത നിരക്ഷരരുടെ കാര്യമല്ല. ഏറ്റവും ഉന്നത വിദ്യാഭ്യാസം ലഭിച്ച സദ്ഭരണം എന്താണെന്ന് വ്യക്തമായ ബോധമുള്ള ആള്‍ക്കാരുടെയും കാര്യമാണ്. ജാതിയില്‍ പ്രായത്തിനും സീനിയോറിറ്റിക്കും മുന്‍ഗണനയുണ്ട്. വിദ്യാഭ്യാസമോ, കഴിവോ, ശാരീരികപ്രാപ്തിയോ ഒന്നും ഒരു മാനദണ്ഡമല്ല. കാരണവന്മാര്‍ മരിക്കുന്നതുവരെ തറവാട് ഭരിക്കും.

 

ഇത്തരം വൈതരണി ഇല്ലാത്തതു കാരണമായിരിക്കണം, ചൈനയ്ക്ക് സര്‍ക്കാര്‍ ജോലിയില്‍ മാത്രമല്ല, രാഷ്ട്രീയത്തിലും വിദ്യാഭ്യാസവും റിട്ടയര്‍മെന്റ് വയസ്സും കര്‍ശനമാക്കാന്‍ കഴിഞ്ഞു. അവിടെയും ജനനേതൃത്വത്തിനുള്ള വിദ്യാഭ്യാസം പണ്ടൊക്കെ നമ്മുടെ കൂട്ട് ഭാഷയും കണക്കും ചരിത്രവും പിന്നെ വക്കീല്‍പ്പണിക്കു വേണ്ട നിയമപഠനവും മാത്രമായിരുന്നു. പരീക്ഷ പാസായില്ലെങ്കിലും സാരമില്ല, നമ്മുടെ ഇപ്പോഴുമുള്ള രീതിയില്‍ കോഴ്‌സ് കംപ്ലീറ്റു ചെയ്യണം. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ സജീവമായിരിക്കണം. മതി. പക്ഷെ കള്‍ച്ചറല്‍ റവല്യൂഷനും ടിയാനന്‍ സ്‌ക്വയര്‍ തീപ്പുകയും ഒക്കെക്കൂടി ചൈനയ്ക്ക് ഒരു പുതിയ കാഴ്ച്ചപ്പാട് അനിവാര്യമാക്കി. എന്‍ജിനീയറന്മാരും സാങ്കേതികവിദഗ്ദ്ധരും മാനേജ്‌മെന്റ് ബിരുദക്കാരും   രാഷ്ട്രീയത്തില്‍ സജീവമായി. ഏഷ്യന്‍ രാഷ്ട്രീയത്തിന്റെ കാതലായ കുടംബവാഴ്ച്ച കഴിയുന്നത്ര കുറച്ചു. ഉത്തര കൊറിയയുടെ പക്കാ കമ്യൂണിസത്തിലെ പൂര്‍ണ്ണ കുടുംബവാഴ്ച്ച കണ്ടില്ലെന്നു നടിച്ചു. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും രാഷ്ട്രീയ നേതൃത്വം ആധുനിക സാങ്കേതിക വിദ്യാഭ്യാസം നേടിയവരുടെ കൈയിലായി. ഒപ്പം വേറെയും അപകടം ഇതോടൊപ്പം വന്നു. രാഷ്ട്രീയക്കാര്‍ക്ക് റിട്ടയര്‍മെന്റ് വയസ്സ് കര്‍ശനമാക്കി. അതു കാരണം ഹു ജിയാന്തോവിന് നേതൃത്വം വിട്ടു കൊടുക്കാതിരിക്കാന്‍ നിവര്‍ത്തി ഇല്ലാതെ വന്നു. അദ്ദേഹം അത് സസന്തോഷമാണോ എന്നറിയില്ല, ഭംഗിയായി ചെയ്തു. അദ്ദേഹത്തിന്റെ ഭരണത്തിന്‍ കീഴില്‍ ചൈനീസ് ജനതയുടെ ജീവിതനിലവാരം ഉയര്‍ന്നിരുന്നു. ലോകസാമ്പത്തികരംഗത്തെ വളര്‍ച്ചയും തകര്‍ച്ചയും ബാധിക്കാതെ കര്‍ശനമായി പിടിച്ചു നിര്‍ത്തിയിരുന്ന ചൈനീസ് സാമ്പത്തികഭദ്രതയെ മറ്റു രാഷ്ട്രങ്ങളുടെ ശൈലിയില്‍ ഡോളര്‍ യൂറോ കൂട്ടുകെട്ടുമായി ബന്ധിപ്പിച്ച് അദ്ദേഹം സാര്‍വദേശീയ സാമ്പത്തികമാന്ദ്യം തങ്ങളുടെയും ഭാഗമാക്കി. ഷാംഗ്ഹായ് സ്റ്റോക്ക് എക്‌സ്‌ചേഞ്ച് വ്യാപാരത്തില്‍ അമേരിക്കന്‍ മുതലാളിത്ത സിംബലായ വാള്‍സ്ട്രീറ്റിനടുത്തെത്തി. ഒപ്പം സ്വാഭാവികമായും ഒരു പുതിയ വരേണ്യ സമൂഹം ചൈനയില്‍ ഉണ്ടായി. കഴിഞ്ഞ പത്തു കൊല്ലത്തിനിടയില്‍ പുതിയ 27 ലക്ഷം കോടീശ്വരരും 250 ലേറെ സഹസ്രകോടീശ്വരരും ചൈനയില്‍ ഉണ്ടായി. സംഭവിച്ചത് അന്നു വരെ തങ്ങള്‍ എത്രത്തോളം ദരിദ്രരാണെന്ന കൃത്യമായ വിവരം ചൈനക്കാര്‍ക്കില്ലായിരുന്നു എന്നതാണ്. ഇപ്പോള്‍ മനസ്സിലായി. കാരണം ഇപ്പോള്‍ അവരുടെ കൈകളില്‍ ആപ്പിളും ബ്ലാക്ക്‌ബെറിയും എത്തി.

 

ആപ്പിള്‍ പണ്ടേ അപകടകാരിയായിരുന്നു. ആദാമും ഹവ്വായും മുതല്‍ നമുക്കറിയാം. ആപ്പിളിന്റെ സ്വാദ് കാട്ടിയാണ് സാത്താന്‍ മനുഷ്യരാശിയെ ഹവ്വാ വഴി ഈ നിലയിലാക്കിയത്. ബ്ലാക്ക് ബെറി അതു പോലെ രുചിയുള്ള പഴമാണ്. പക്ഷെ അതിലും സാത്താന്‍ കുടിയിരിപ്പുണ്ടെന്നാണ് ബ്രിട്ടീഷ് നാടോടിക്കഥകള്‍ പറയുന്നത്. എല്ലാ വര്‍ഷവും ഒക്‌ടോബര്‍ 10 കഴിഞ്ഞാല്‍ കുറെ നാള്‍ ബ്ലാക്ക് ബെറി സാത്താന്റെയാണത്രെ. പക്ഷെ ചൈനയെ ആക്രമിച്ച് കീഴ്‌പ്പെടുത്തിയ ആപ്പിളും ബ്ലാക്ക് ബെറിയും പഴമല്ല. പഴത്തെക്കാള്‍ രുചിയുള്ള ആകര്‍ഷകമായ എല്ലാവരെയും മോഹിപ്പിക്കുന്ന ടെക്‌നോളജിയുടെ രൂപമായിരുന്നു.

 

ആപ്പിളും ബ്ലാക്ക്‌ബെറിയും വെറും ഭക്ഷണമായിരുന്ന നല്ല കാലത്ത് ജീവിതം എത്ര ലളിതമായിരുന്നു. അക്കാലം ഇനി വരുമോ? ചോദ്യം നമ്മുടേതല്ല. ലോകത്തിലെ ശക്തരായ ഭരണാധികാരികളുടേതാണ്. മേശപ്പുറത്തുനിന്നും സംഭവം സെല്‍ഫോണിന്റെ രൂപത്തില്‍ നാവിനു പകരം കണ്ണിനും കാതിനും തലച്ചോറിനും രുചിയുള്ള ഭക്ഷണമായി മാറിയപ്പോള്‍ ആകെ കുഴങ്ങി. രാഷ്ട്രത്തലവന്മാര്‍ മാത്രമല്ല,  കുഴങ്ങിയത്. വാണിജ്യവ്യവസായ മേഖല മുതല്‍ കലാസാസംസ്‌ക്കാരികമേഖല വരെ എല്ലായിടത്തും ഇത് പ്രകടമായി.

 

മാറ്റങ്ങളെ ഉള്‍ക്കൊള്ളുക മാത്രമല്ല ഇനിയുള്ള കാലം ലീഡര്‍ഷിപ്പ്. സുതാര്യമായ അറിവുകളുടെ കൂമ്പാരം വിരല്‍ത്തുമ്പുകളില്‍ എത്തിച്ചേര്‍ന്ന കസ്റ്റമേഴ്‌സാണ് എല്ലാ ഉത്പന്നങ്ങളും സേവനവും ചിന്തകളും ഇന്ന് കൈകാര്യം ചെയ്യുന്നത്. അവരുടെ പ്രതികരണം ഈ  ടെക്‌നോളജി നയിക്കുന്ന മനസ്സുകളിലൂടെ മാറിക്കഴിഞ്ഞിരിക്കുന്നു. ഒരു തമാശക്കഥയുണ്ട്.

 

കഴിഞ്ഞ അമേരിക്കന്‍ പ്രസിഡന്റു തെരഞ്ഞെടുപ്പിലെ റിപ്പബഌക്കന്‍ സ്ഥാനാര്‍ത്ഥി മിറ്റ് റോംനി ഈ വോട്ടറന്മാര്‍ എന്ന ഉപഭോക്താക്കളുടെ കാര്യം പറഞ്ഞ് പുലിവാല്‍ പിടിച്ച വാര്‍ത്ത നാം കേട്ടു. ഫ്‌ളോറിഡായില്‍ ഒരു പ്ലേറ്റിന് 25 ലക്ഷം രൂപാ വിലയിട്ട് നടത്തിയ ഒരു പണപ്പിരിവ് ഡിന്നറില്‍ അദ്ദേഹം സദസ്യരോട് പറയുകയുണ്ടായി. 47% അമേരിക്കന്‍ പൗരന്മാരും ടാക്‌സ് കൊടുക്കാതെ സര്‍ക്കാരിന്റെ സഹായം എന്ന ഉത്പ്പന്നം വാങ്ങുന്ന ഉപഭോക്താക്കളാണ്. അവരെക്കുറിച്ച് ഞാന്‍ വ്യാകുലപ്പെടുന്നുമില്ല, എന്ന്. ആ ദൃശ്യത്തിന്റെ രഹസ്യ വീഡിയോ ടേപ്പ് ഒറ്റയടിക്ക് അദ്ദേഹത്തിന്റെ വിജയസാദ്ധ്യത അഞ്ചു ശതമാനം കുറച്ചത്രെ.പ്രസ് കൗണ്‍സില്‍ ചെയര്‍മാന്‍ കാട്ജുജിയെ ഞാന്‍ ഇത്തരുണത്തില്‍ ഉദ്ധരിക്കുകയാണ്. ഇന്ത്യ ഒരു ഫ്യൂഡല്‍ സമൂഹത്തില്‍ നിന്നും പുറത്തേക്കു വരുന്നതിന് ആശയങ്ങള്‍ ആള്‍ക്കാരുടെ മനസ്സിലെത്തിക്കുക എന്നതാണ് ഒരേയൊരു മാര്‍ഗ്ഗം. അത് മാദ്ധ്യമങ്ങളുടെ കടമയാണ്. കടലാസും ടെലിവിഷനും കമ്പ്യൂട്ടറും മാത്രമല്ല, ആപ്പിളും ബ്ലാക്ക് ബെറിയും സഹായത്തിനുണ്ട്. 

 

Share